Thursday, December 19, 2013

മാക്കുണ്ണിയും ഐദ്രുവും

രുളുള്ള രാത്രികളില്‍ ഗ്രാമത്തിലെ നാലുംകൂടിയ വഴിയിലും പുഴക്കരയിലും അവരെ അടുത്തുകണ്ടവരുണ്ട്.

 ദ്രവിച്ചുതുടങ്ങിയ ചുമരുകളില്‍ മരങ്ങള്‍ മുളച്ച പണിശാലയില്‍ യന്ത്രശബ്ദം കേട്ടവരുണ്ട്. നിറം പിടിപ്പിച്ചതാണെന്നും വികലമനസ്സിന്‍റെ തോന്നലാണെന്നുമൊക്കെ വെല്ലുവിളിച്ച് ഇറങ്ങിത്തിരിച്ചവരില്‍ ചിലര്‍ നിലവിളിച്ചോടുകയും മറ്റുചിലര്‍ ബോധമറ്റ്  വീഴുകയും ചെയ്തിട്ടുണ്ട്. 

പ്രതികാരം മൂത്ത കണ്ണുകളുമായി ഊരുചുറ്റുന്ന പ്രേതസുഹൃത്തുക്കളെ കുറിച്ചുള്ള ഭീതിനിമിത്തം ഗ്രാമത്തില്‍ നിലാവുതീര്‍ന്നുള്ള രാത്രികളിപ്പോഴും വിജനം.

മാക്കുണ്ണിയും ഐദ്രുവും കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാണ്. 
വെറും സുഹൃത്തുക്കള്‍ എന്നെഴുതിവിടാന്‍ കഴിയില്ല. തൃശൂര്‍ക്കാരുടെ ഭാഷയില്‍ എല്ലാം തികഞ്ഞ ‘ഘടി’കള്‍.

മഴക്കാറ് കണ്ടാല്‍ നീട്ടിബെല്ലടിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്ന എല്‍.പി. സ്കൂള്‍, ഹൈവെറോഡിന് വേണ്ടി പൊളിക്കുന്നുവെന്ന വാര്‍ത്തവന്നകാലത്ത് ഇരുവരും ക്ലാസ്മുറിയുടെ പടിയിറങ്ങിയതാണ്. 

ചെവിയിലും ചന്തിയിലും ചോരപൊടിഞ്ഞ് ഇരുവരേയും പലതവണ അന്നദാതാക്കള്‍ ക്ലാസ്സിലെത്തിച്ചു. അപ്പോഴെല്ലാം മിന്നായം പോലെ അവരെ കാണപ്പെടുകയും, മൂത്രശങ്കതീര്‍ക്കാനുള്ള ബെല്ലില്‍ അപ്രത്യക്ഷരാകുകയും ചെയ്തു. 

തുറിച്ചകണ്ണുള്ള ഹെഡ്മാസ്റ്ററുടെ, ചൂരലിനാല്‍ പുറംപൊളിക്കുന്ന തോമസ്മാഷ്ടെ, ചിരിക്കുന്നമുഖമുള്ള റോസിടീച്ചറുടെ... ദിവസങ്ങള്‍ നീണ്ട ഭീഷണിയും പ്രലോഭനവും ഉപദേശവും വിഫലം. 

ഐദ്രുവിന്‍റെ വരവുംകാത്ത് പുസ്തകം പുളിഞ്ചോട്ടില്‍ കുഴിച്ചിട്ട് പുഴക്കരയിലെന്നും മാക്കുണ്ണിയുണ്ടാകും. 

നാട്ടുകാരില്‍ പലരും പലതവണ അവരെ നീട്ടി പ്രാകിയിട്ടുണ്ട്. 

രാവിലെ പുഴക്കരയില്‍ പോയിവരുന്പോള്‍ സൈക്കിളിലെ നീലപെട്ടിയില്‍ ഐസ്ബാറുകള്‍ കുറയുന്നതില്‍ മുഖം കറുപ്പിച്ച് കുമാരേട്ടന്‍..., 
മൂവാണ്ടന്‍ മാവ് കുലുക്കി മാങ്ങപെറുക്കി പുഴയിലേക്ക് ചാടി നീന്തുന്പോള്‍ ഓടിയെത്തുന്ന ബീവിത്ത.... ,
ആഴ്ചയിലൊരിക്കല്‍ വീശിവല മോഷണം പോയിതിരിച്ചെത്തുന്നതിലെ ആശങ്കയില്‍ ബീരാനിക്ക..., 
ഉച്ച നിസ്കാരത്തിന് ശേഷമുള്ള മയക്കത്തിനിടയില്‍ പള്ളിക്കുളം കലങ്ങിമറിയുന്നതില്‍ അരിശം പൂണ്ട് അന്ത്രുമൊല്ല...

പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള കൂടിയാലോചന മാക്കുണ്ണിയുടെയും ഐദ്രുവിന്‍റെയും വീട്ടുകാരെ പരിചയത്തിലാക്കി. നഷ്ടപരിഹാരങ്ങളിലെ അവ്യക്തത ചെവിക്കല്ല് തെറിപ്പിക്കുമെന്നായപ്പോള്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവര്‍ക്ക് തോന്നി. 

ഒടുവില്‍ മാക്കുണ്ണി, അച്ഛന്‍ വേലുകരുവാന്‍റെ ആലയിലെ ഇരുന്പുകഷ്ണങ്ങള്‍ക്കിടയിലും, ഐദ്രു, ബാപ്പ നാഗൂര്‍ബാപ്പുവിന്‍റെ തലയിലെ അത്തര്‍പെട്ടിക്ക് ചുവട്ടിലും കുരുങ്ങി. 

യന്ത്രത്തിലെ പല്‍ചക്രങ്ങള്‍ പോലെ ദിവസങ്ങള്‍ വേഗതയില്‍ തിരിഞ്ഞ് മാസവും വര്‍ഷവും ഉല്‍പ്പന്നങ്ങളായി. 

സ്കൂള്‍നിന്ന സ്ഥലത്ത് ടോള്‍പിരിവിനുള്ള കെട്ടിടം ഉയര്‍ന്നു, ഹൈവെറോഡിന് കുറുകെ. സ്കൂള്‍ മദ്രസ്സയിലേക്ക് താല്‍ക്കാലികമായി പറിച്ചുനാട്ടി. പാലത്തിന് വേണ്ടി നാട്കുലുക്കി പുഴക്കരയിലെ ചെളിമണ്ണില്‍ ഭീമന്‍കോണ്‍ക്രീറ്റ് കാലുകള്‍ തുളഞ്ഞു. 

സ്കൂള്‍കെട്ടിടവും പാലവും ഒരുമിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പാലത്തിലൂടെ ചീറിപ്പാഞ്ഞവണ്ടികളിലിരുന്ന് ആളുകള്‍ വെറുതെ പുഴയിലേക്ക് കണ്ണെറിഞ്ഞു. ആളൊഴിഞ്ഞ കടവില്‍ പതിവ്തെറ്റാതെ വന്നിരുന്ന് ഹംസാക്ക പാലം നോക്കി നെടുവീര്‍പ്പിട്ടു.

മഞ്ഞച്ചായമടിച്ച് മനോഹരമായ സ്കൂളില്‍ ഉച്ചക്ക് വിളന്പിയിരുന്ന ഗോതന്പ് കൊണ്ടുള്ള ഉപ്പുമാവ് അക്കാലങ്ങളില്‍ വീടുകളില്‍ വെള്ളവും മധുരവും ചേര്‍ത്ത് തിളപ്പിച്ച് പായസമായി മാറ്റപ്പെട്ടിരുന്നു. സ്കൂള്‍ പുന്തോട്ടത്തിലെ തെച്ചിമരം പൂക്കുകയും കൊഴിയുകയും ചെയ്തു. ഉപ്പുമാവ് ഉച്ചക്കഞ്ഞിക്കും ചെറുപയറിനും വഴിമാറി.

ഇക്കാലയളവിനുള്ളിലെ അത്തര്‍ കച്ചവടത്തിനിടയില്‍ കൈപിടിയിലൊതുക്കിയ കെട്ട്യോളുടെ ആങ്ങളമാരുടെ കാരുണ്യത്തില്‍ ഐദ്രു കടല്‍കടന്നു. 

പി.എം.ആര്‍.വൈ. ലോണ്‍ വഴി പണിത മുഖമിനുക്കമുള്ള രണ്ട്ഷട്ടര്‍ കെട്ടിടത്തില്‍ ഗേറ്റുംമറ്റും നിര്‍മ്മിച്ച് മാക്കുണ്ണി ബിസ്സിനസ്സ് വിപുലപ്പെടുത്തി. 

ആലയില്‍ വിയര്‍ത്തൊഴുകിയിരുന്ന തമിഴന്മാരുടെ മേല്‍നോട്ടത്തിന് വേലുക്കരുവാന്‍ കസേരയിട്ടിരുന്നു. 

ഞങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്തര്‍ ചെയ്തും പി.എസ്.സി. പരീക്ഷയെഴുതിയും കല്ല്യാണം കൂടിയും വൈകുന്നേരം നിരത്തില്‍ നിരങ്ങിയും വരാനുള്ള വിസയുടെ സ്വപ്നങ്ങളില്‍ കഴിഞ്ഞു.

സ്കൂള്‍ കോന്പൗണ്ടില്‍ ഡി.പി.ഇ.പിക്കാര്‍ പണിത കെട്ടിടത്തേക്കാളും മൊഞ്ചില്‍ മുഴുവന്‍ ചെലവും വഹിച്ച് ക്ലാസ്മുറിയുണ്ടാക്കി വലിയ അക്ഷരത്തില്‍, സ്റ്റാന്‍ഡിലെ ബസ്സിലിരുന്നാല്‍ കാണാവുന്ന വലുപ്പത്തില്‍ ‘നാഗൂര്‍ബാപ്പു സ്മാരകം’ എന്നെഴുതി സംഭാവന നല്‍കി ഐദ്രുമുതലാളി പി.ടി.എ പ്രസിഡണ്ടായി. 

പണിത്തരങ്ങളുള്ള ഗേറ്റ് പണിഞ്ഞ് മാക്കുണ്ണിയേട്ടന്‍ സെക്രട്ടറിയും.
ഉപജില്ലാ ശാസ്ത്രമേളയും യുവജനോത്സവവും സ്കൂളില്‍ അരങ്ങേറി. 

ഐദ്രുമുതലാളിയും മാക്കുണ്ണിയേട്ടനും വാഴ്ത്തപ്പെട്ടു. 

സാംസ്കാരികസംഘടനകളുടെ സ്വാഗതസംഘത്തിലും സ്പോര്‍ട്സ്മേളയിലും നാട്ടിലെ ഓരോ ചലനങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായി വിളങ്ങി. ഒടുക്കം അടുത്തടുത്ത വാര്‍ഡുകളില്‍നിന്ന് ഇരുവരേയും പഞ്ചായത്ത് ഇലക്ഷനില്‍ വിജയിപ്പിച്ച് നാട്ടുകാര്‍ അവരെ ബഹുമാനിച്ചു.

ബേക്കറി സാധനങ്ങളുണ്ടാക്കി വിതരണം ചെയ്യുന്നൊരു അയല്‍ക്കൂട്ടത്തിന്‍റെ പുതുമോഡല്‍ അരിനുറുക്കിന്‍റെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചതിന് ശേഷമാണ് ഐദ്രുവിന്‍റെ അകതാരില്‍ ഒരാശയം മുളപൊട്ടിയത്. 

രാത്രിയില്‍ കടവത്തെ ഹംസാക്കയുടെ മാടത്തിലേക്ക് മാക്കുണ്ണിയെ വിളിച്ചുവരുത്തി ഐദ്രു വിഷയമവതരിപ്പിച്ചു. കാര്യങ്ങള്‍ കേട്ട മാക്കുണ്ണി അല്‍പ്പനേരം മൗനിയായി. 

‘ഇത്തരം ബിസ്സിനസ്സ് ക്ലച്ച് പിടിക്കോ….?’

‘വേണ്ടരീതിയില്‍ മാര്‍ക്കറ്റ് ചെയ്യണം. ഇത് ചീഞ്ഞ്പോണ സാധനൊന്നും അല്ലല്ലോ മാക്കു. എനിക്ക് നല്ല ഉറപ്പുണ്ട്. ഇപ്പോ അമേരിക്ക എങ്ങിനാ...? സാധനം ചെലവായില്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കണം’

ഐദ്രുവിന്‍റെ വാചാലതയില്‍ മാക്കുണ്ണി മുഷിഞ്ഞു.

‘എന്തുപറഞ്ഞാലൂണ്ട് ഒരമേരിക്ക. നീ കാര്യംപറ. കത്തി ചെലവായില്ലെങ്കില്‍ അവസാനം പണ്ടത്തെ അത്തര്‍ വില്‍പനപോലെ കൊട്ടയിലാക്കേണ്ടിവരും.’

‘നീ ധ്യൈമായിരിക്ക്... പറയുന്നത് പോലങ്ങട്ട് ചെയതാല്‍ മതി. 

ആദ്യം നല്ല ഭംഗിയുള്ള പിടിയുള്ള കുറേ കത്തികളുണ്ടാക്കണം. മീന്‍, പാക്ക് എന്നിവ മുറിക്കാന്‍ പാകത്തില്‍. ബാക്കി പിന്നീട് ആലോചിക്കാം.’

പുതുമയുള്ള കളര്‍പോസ്റ്ററുമായാണ് ഒരുദിവസം ഗ്രാമത്തില്‍ നേരംപുലര്‍ന്നത്. വായിച്ചവര്‍ ആശ്ചര്യം കൂറി. ചെവികളില്‍ നിന്ന് ചെവികളിലേക്ക് വാര്‍ത്തപടര്‍ന്നു. 

‘കുന്തിരിക്കത്തിലൂട്ടിയെടുത്ത ഔഷധഗുണമുള്ള കത്തി!. എന്തുമുറിച്ച് കഴിച്ചാലും സര്‍വ്വത്ര ആരോഗ്യം.!!’

നാടുമുഴുവന്‍ പറന്ന് അവില്‍ വില്‍ക്കുന്ന അവുലേര്ത്തിമ്മയും, വലമൂടിയ വലിയ കൊട്ടയുംകൊണ്ട് കോഴികളെ തിരയുന്ന കുട്ടനും,നാടോടിഅമ്മിണിയും ഐദ്രുമുതലാളിയുടെ വീട് കഴിഞ്ഞതിന് ശേഷം വാര്‍ഡില്‍നിന്ന് വാര്‍ഡിലേക്ക് വാചാലരായി. 

കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ ‘ഐമാക്ക് നൈഫ് ഷോപ്പി’ലെ കത്തികള്‍ കാലിയായി. അങ്ങാടികളില്‍ നിന്ന് മൊത്തമായും ചില്ലറയായും ഓര്‍ഡറുകളുടെ പ്രളയം. 

ഔഷധഗുണമുള്ള കത്തിയുടെ വിശ്വാസ്യതയില്‍ എതിര്‍പ്പുള്ളവരെ കൂടെകൂട്ടി ചോദ്യംചെയ്ത ആരോഗ്യംകേന്ദ്രം ഭിഷഗ്വരന്‍, ദിവസങ്ങള്‍ നീണ്ട പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവില്‍ കത്തിയുടെ ഔഷധഗുണം സര്‍ട്ടിഫൈ ചെയ്ത് ആധുനികസൗകര്യങ്ങളുള്ള ഐദ്രുമുതലാളിയുടെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറി. എതിര്‍പ്പുകളുടെ മുനയില്‍ മഴപെയ്തു. 

മാക്കുണ്ണിയുടെ ആലയില്‍ പണിയാളുകളുടെ എണ്ണം കൂടി. മുറിഞ്ഞു വീഴുന്ന ഇരുന്പപട്ടയില്‍ നിന്ന് കുന്തിരിക്കത്തില്‍ ഊട്ടിയ എണ്ണംപറഞ്ഞ കത്തികള്‍ ഉയിര്‍കൊണ്ടു. 

കത്തിയുടെ വര്‍ണ്ണസ്റ്റിക്കറൊട്ടിച്ച വലിയപെട്ടികളടക്കിയ പിക്കപ്പുകള്‍ നിരന്തരം നഗരത്തില്‍നിന്ന് നഗരത്തിലേക്ക് പാഞ്ഞു. ചില വേള ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമ്മേളനങ്ങള്‍ക്കും.

ഗ്രാമത്തിലെ സകലപ്രോഗ്രാമുകളും പൂരവും നേര്‍ച്ചയും ഫുട്ബോള്‍മേളയും എല്ലാം ഉള്‍പ്പടെ ഐമാക്ക് ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്തു. 

എന്തിലും ഏതിലും ഐമാക്ക് നൈഫ്.

പതിനഞ്ച്ദിവസത്തിലൊരിക്കലുള്ള പതിവു കണക്കുകൂട്ടല്‍ കഴിഞ്ഞതിന് ശേഷം രാത്രിയില്‍ ഐദ്രുവും മാക്കുവും കടവത്തെ മാടത്തില്‍ ഒരുമിച്ചുകൂടി. ബിസ്സിനസ്സ് വിപുലപ്പെടുത്താനുള്ള വര്‍ത്തമാനങ്ങള്‍ പൊടിപൊടിച്ചു. അതിനിടയില്‍ മാക്കുണ്ണി ശബ്ദം താഴ്ത്തി മന്ത്രിച്ചു:

‘വീട്ടില്‍ കണ്ണൂരുള്ള ശിവനളിയന്‍ വന്നിട്ടുണ്ട്. അളിയനവിടെ പാര്‍ട്ടിയുടെ വേണ്ടപ്പെട്ട ആളാണ്. അത്യാവശ്യസമയങ്ങളില്‍ അവനാണ് ഉണ്ടാക്കികൊടുക്കുന്നത്. ഇപ്പോ ഇരുകൂട്ടരില്‍ നിന്നും വന്പന്‍ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. മനസ്സ് വെച്ചാല്‍ നല്ല തുക കിട്ടും.’

‘പറഞ്ഞുവരുന്നത് മനസ്സിലായി... പക്ഷെ, അവര്‍ക്ക് വേണ്ടത് നമ്മുടെ കത്തികളാണോ..?’

‘ഏയ്. ഉഗ്രന്‍ജാതി വാളുകള്‍... വടിവാളുകള്‍... കഠാരകള്‍... അങ്ങിനെയുള്ള ഐറ്റംസ്.’

‘മാക്കു... നമുക്കത് വേണോ..? റിസ്ക്കാണ്.’

‘റിസ്കിനനുസരിച്ച് ലാഭവും ഉണ്ടാകും. പേടിക്കേണ്ട ഐദ്രൂ... എല്ലാം പരമരഹസ്യമായിരിക്കും.’

‘പ്രശ്നങ്ങള്‍ പിന്നെയും ബാക്കിയാണ് മാക്കൂ... ഇതൊക്കെ എങ്ങിനാണ് അവിടെ എത്തിക്കുക. ഇത്രയും ദൂരം....?’

‘നീയെന്താ പൊട്ടന്‍കളി കളിക്ക്ണ്. എടാ... ശിവനാരാ മോന്‍... ഒന്നും നമ്മളറിയേണ്ട. അവിടെ പാര്‍ട്ടി ശിബിരം സംഘടിപ്പിക്കും. ഇവിടത്തെ പ്രത്യേക പ്രവര്‍ത്തകര്‍ കൊടികെട്ടി മുദ്രാവാക്യം മുഴങ്ങുന്ന വണ്ടികളില്‍ അങ്ങോട്ട് പായും. കൊടികെട്ടിയ വണ്ടികള്‍ പരിശോധിക്കാന്‍ ആര്‍ക്കാണ് ധ്യൈം. അതുമാത്രമല്ല. ഇത്തരം സാധനങ്ങള്‍ ഈ ചുറ്റുവട്ടങ്ങളില്‍തന്നെ വിറ്റഴിക്കാനുള്ള ഐഡിയകളും അവന്‍ പറഞ്ഞിട്ടുണ്ട്.’

‘പ്രശ്നാവോ...?’‘എന്ത് പ്രശ്നം. മറ്റൊന്നും ചിന്തിക്കേണ്ട. നമുക്ക് നമ്മുടെ ബിസ്സിനസ്സ് മാത്രം. അവിടെ ജാതിയും മതവും രാഷ്ട്രീയവും നോക്കരുത്. ഇപ്പോ തന്നെ കത്തിയുടെ ബിസ്സിനസ്സ് കുറഞ്ഞിട്ടുണ്ട്. എല്ലാവീടുകളിലും ഒന്നിലധികം കത്തികളുള്ളപ്പോള്‍ ആവശ്യക്കാര്‍ കുറയും. സ്വാഭാവികം. അമേരിക്കയെ പോലെ സാഹചര്യങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.’

പിന്നീട്നടന്ന ചര്‍ച്ചകളുടെ നേതൃത്വം അയാള്‍ക്കായിരുന്നു. ഐദ്രുവും മാക്കുവും കുതന്ത്രങ്ങളുടെ വ്യാപ്തിയില്‍ പകച്ചു. ഒടുവില്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു. 

പണിശാലയില്‍  തമിഴന്മാരുടെ കൊഴുപ്പില്ലാത്ത ശരീരങ്ങള്‍ വിയര്‍ത്തൊഴുകി. യന്ത്രങ്ങള്‍ മുറിക്കുന്ന ഇരുന്പുപട്ടകള്‍ക്ക് നീളം കൂടി. മൂര്‍ച്ചയുള്ള വാളുകളും വടിവാളുകളുമായവ പുനഃര്‍ജ്ജനിക്കപ്പെട്ടു. 

വിഷത്തിലൂട്ടിയ വാളുകളുടെ പോരിശ സംഘങ്ങളില്‍ നിന്ന് സംഘങ്ങളിലേക്ക് ഇരുവഴികളിലൂടെയും കൊടികെട്ടിയ വണ്ടികളിലൂടെയും പടര്‍ന്നു.

അടുത്ത ഗ്രാമത്തിലെ പാര്‍ട്ടിസെക്രട്ടറി കൊലചെയ്യപ്പെട്ട വാര്‍ത്തയിലാണ് ഒരുദിനം പകലുണര്‍ന്നത്. 

കിംവദന്തികള്‍ തീമഴയായി. 

തിരക്കിട്ട ചലനങ്ങളും അരക്കിട്ടുറപ്പിച്ച തീരുമാനങ്ങളും ആസൂത്രിതമായി നിറഞ്ഞ ഇരുളുള്ള രാത്രി കഴിയുംമുന്‍പെ, സമാധാനറാലി കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുന്ന ഐദ്രുമുതലാളിയുടെയും മാക്കുണ്ണിയേട്ടന്‍റെയും വാതിലുകളില്‍ പകയും ഭീതിയും പണവുമായി മുട്ടി. 

ഇരുള്‍വീണവഴികളിലൂടെ സ്റ്റിക്കറൊട്ടിക്കാത്ത നീളമുള്ള പെട്ടികള്‍ തലയിലേറ്റി അവ പരസ്പരം അറിയാതെ രഹസ്യഅറകളില്‍ നിന്നൊഴുകി.

ലാടങ്ങളുറപ്പിച്ച കനത്ത ബൂട്ടുകള്‍ക്കടിയില്‍ ഭീതി വിഴുങ്ങി ശൂന്യമായ ദിനരാത്രങ്ങള്‍ വിറങ്ങലിച്ചു കിടന്നു. ഐമാക്കിന്‍റെ പണിശാലയില്‍ വിഹിതം ലഭിച്ച നക്ഷത്രങ്ങളുടെ പൊട്ടിച്ചിരികള്‍.

‘വിറ്റവയെല്ലാം റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത് തുരുന്പെടുക്കാന്‍ വിടാം.... വെറുതെ ഒന്നോ രണ്ടോ കേസുകള്‍ രജിസ്തര്‍ ചെയ്യാം... അതുകഴിഞ്ഞ് എല്ലാം ഒതുങ്ങുന്പോള്‍ വേറൊന്നിനെ തട്ടണം. മറ്റേ പാര്‍ട്ടീല് പെട്ടതാകണം. ഏത്...?’ ഗ്ലാസ്സിലെ ഫോറിന്‍ ദ്രാവകം ഒരു കവിള്‍ കൂടി വിഴുങ്ങി ഏമാന്‍ കുലുങ്ങി ചിരിച്ചു. 

‘മറ്റേ പാര്‍ട്ടീല് മാത്രം പെട്ടാല്‍ പോരാ.... മറ്റേ ജാതിക്കാരനും, ആള്‍ബലമുള്ള കുടുംബക്കാരനുമാകണം. എന്താ....?’ ഏമാന്‍റെ പ്രഖ്യാപനത്തില്‍ ചുകന്ന കണ്ണുകളുള്ള ശിവന്‍റെ കുരുട്ടുഭേദഗതി. 

‘ഇതാരാ മോന്‍...? എക്സ്പീരിയന്‍സിന്‍റൊരു ഗുണം കണ്ടില്ലേ.... ഇതിപ്പോ... എത്ര സ്ഥലത്താ നമ്മള് പെട്രോളൊഴിക്കുന്നത്.’ മാക്കു അളിയന്‍റെ കൂര്‍മ്മ ബുദ്ധിയെ പുകഴ്ത്തി. 
വരാനുള്ളൊരു വന്പന്‍ കച്ചവടത്തിന്‍റെ ആത്മനിര്‍വൃതിയില്‍ കൈവിരലുകള്‍ തുടയില്‍ താളമിട്ടു.

‘എന്നാ കാര്യങ്ങളൊന്നും വൈകേണ്ട.... എത്രയും പെട്ടെന്ന് ആയിക്കോട്ടെ... കാര്യങ്ങള്‍ എന്നാണെന്ന് വെച്ചാ പറഞ്ഞാല്‍ മതി. പഴയതു പോലെ മോന്‍ വരും.’ ഐദ്രു മുതലാളി ചര്‍ച്ച ഉപസംഹരിച്ച് എഴുന്നേറ്റു. 
സംഘാംഗങ്ങള്‍ നിലാവ് പരന്ന പലവഴികളിലൂടെ ചിതറി.

ഇരുളുള്ളൊരു രാത്രിയുടെ അവസാനയാമം.

യാത്രയായ സംഘാംഗങ്ങളെയും കാത്ത് ഐദ്രുവും മാക്കുണ്ണിയും കടവത്തെ മാടത്തില്‍ ഇരിപ്പുറക്കാതിരിന്നു. 

എപ്പോഴോ സംഘത്തോടൊപ്പം പോയ തമിഴന്‍ മാടത്തിലേക്ക് ഓടിക്കയറി. ഏറെനേരം ഓടിയൊരു നായയെ പോലെ അവന്‍ വായ തുറന്ന് കിതച്ചു. 

‘അവരെവിടെ....?’ 
വല്ലാതെ വിറച്ചശബ്ദത്തില്‍ ഇരുവരും ചോദിച്ചു.

ഭീതി നിറഞ്ഞ് വരണ്ട തൊണ്ടയില്‍ നിന്ന് വാക്കുകള്‍ കിട്ടാതെ പിടഞ്ഞ് അവന്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി. 

പാഞ്ഞടുക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ആരവം. 

പിന്‍വാതിലിലൂടെ മൂവരും പുഴക്കരയിലേക്കിറങ്ങി. 

തണുത്തുറഞ്ഞ പുഴയിലേക്ക് മൂവരും ചാടുന്നത് ഓടിയെത്തിയവര്‍ കണ്ടതാണ്. നേരം പുലരുവോളം നാട്ടുകാര്‍ അവരെ പുഴയില്‍ തിരയുകയും കരകളില്‍ കാത്തിരിക്കുകയും ചെയ്തു. കിട്ടിയില്ല. 

പുലര്‍ച്ചെ തമിഴന്‍റെ ശവം വലയില്‍ കുരുങ്ങി. 

മാക്കുണ്ണിയും ഐദ്രുവും മരിച്ചു എന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം. കടലിലെത്തിയ ശരീരങ്ങള്‍ സ്രാവ് വിഴുങ്ങിയിട്ടുണ്ടാകും അല്ലെങ്കില്‍ മാരിക്കുഴിയിലെ നീരാളി താഴ്ത്തിയിട്ടുണ്ടാകും. 

ആത്മഗതങ്ങള്‍ എണ്ണപ്പാട കണക്കെ പരന്നു. ആകാംക്ഷകള്‍ നേര്‍മ്മിച്ചു. ആത്മാവുകള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്ത് ശാന്തി നേര്‍ന്നു. 

പക്ഷേ, സംഭവങ്ങള്‍ക്ക് ഒരാണ്ട് തികയും മുന്‍പെ അവരിറങ്ങി. 

ആള്‍ക്കൂട്ടത്തിന്‍റെ മുന്‍പന്തിയിലുണ്ടായിരുന്ന മൂപ്പനായിരുന്നു ആദ്യ ഇര. 

രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്ന കശുമാവിന്‍ തോട്ടത്തില്‍ കുശുകുശുപ്പ് കേട്ടു. ഇരുളിന്‍റെ മറപറ്റി മൂപ്പന്‍ അരികിലെത്തി ടോര്‍ച്ച് തെളിയിച്ചു. നനഞ്ഞുകുളിച്ച വേഷത്തില്‍ ഐദ്രുവും മാക്കുവും നിന്ന് ചിരിക്കുന്നു. 


ഒന്നുരണ്ടുദിവസം ഒരു കുഴപ്പവുമില്ലായിരുന്നു. പെട്ടെന്നൊരു പനിയായിരുന്നു തുടക്കം. കണ്‍കണ്ട ദൈവങ്ങളും വൈദ്യന്മാരും മന്ത്രങ്ങളും കിണഞ്ഞ് നോക്കിയിട്ടും പത്താംനാള്‍ മൂപ്പന്‍ മരിച്ചു.

പിന്നീട്, പലരും അലറി വിളിച്ചു. 

പുഴയില്‍ ചാടിക്കാന്‍ കൂട്ട് നിന്നവര്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാതായി. 

ഞങ്ങള്‍ ഭീതിയിലാണ്. 

ഇരുളുള്ള ഏത് രാത്രികളിലും എവിടെയും അവരെത്തും. മൂര്‍ച്ചയുള്ള ആയുധങ്ങളാല്‍ ആഗ്രഹിക്കുന്നവരെ നിഗ്രഹിച്ച് വഴിമരുന്നിടും. 

ഇപ്പോള്‍, വെറുതെയാണെങ്കിലും പ്രേതരൂപങ്ങള്‍ പ്രത്യക്ഷപ്പെടാത്ത രാത്രികളാണ് പ്രതീക്ഷ.
-------------------------------
അലി പുതുപൊന്നാനി
------------------------------
pictures@Google