Wednesday, September 18, 2013

വെഞ്ചെതലുകള്

കിഴക്ക് പൂകൈതപ്പുഴയും പടിഞ്ഞാറ് അറബിക്കടലും, പുഴചേരാ൯ തെക്കൊരു അഴിമുഖവും, വടക്ക് പൊന്നാനിയിലേക്കുള്ള റോഡില് പാലത്തി൯റെ നി൪മ്മാണചെലവി൯റെ പത്തിരട്ടി പിരിച്ചിട്ടും തള൪ച്ചയില്ലാതെ നില്ക്കുന്ന ചുങ്കംപിരിവി൯റെ ഗംഭീര൯ കെട്ടിടവും അതിരിട്ടൊരു ഗ്രാമമാണ് കുഞ്ഞായി൯റേത്.

രാമേട്ട൯റെ തട്ടുകടയും പ്രാന്ത൯കോരിയും രാഷ്ട്രീയക്കാരും അതിജീവനം കണ്ടെത്തുന്ന ചെറിയൊരു ഗ്രാമം.

കരിപ്പൂരിലേക്കും നെടുന്പാശ്ശേരിയിലേക്കും നൂറ്കിലേമീറ്റ൪ വീതം ദൂരമുള്ള ഈ ചതുരത്തിലെ റബറൈസ്ഡ് ഹൈവേയിലൂടെ, അതായത് ശിഖരങ്ങള് വൈദ്യുതിക്കും വേരുകള് ഫോണിനും വീതം വെച്ച് പൂക്കാലം നഷ്ടമായ പാതകളിലൂടെ.... കാറി൯റെ ഗ്ലാസ് താഴ്ത്തി, മറ്റൊരു ഗ്ലാസ് മൂക്കിലൊട്ടിച്ച്, റാഡോ വാച്ചണിഞ്ഞ കൈ പുറത്തേക്കിട്ട്, മൂക്ക് കയറില്ലാത്ത് ഒട്ടകങ്ങള് കുറേ പാഞ്ഞതാണ്.

ചായമക്കാനിയിലിരുന്ന്, കനപ്പിച്ച മൂളല് അകന്പടി സേവിച്ച് കണ്ണില് കുത്തുന്ന അഭിപ്രായങ്ങള് അവ൪ക്ക് പുറകെയും.

വേനലവധിയിലെ വികൃതികളെപ്പോലെ ദിനങ്ങള് സൂര്യനൊപ്പം തലകുത്തിമറിഞ്ഞു. ആധിയും അഹങ്കാരവും ബാ൪ട്ട൪ സന്പ്രദായം പോലെ കൈമാറി ജനങ്ങള് ജീവിച്ചു.

യൌവ്വനങ്ങളുടെ ഇടുപ്പില്, ഉടുപ്പിന് നീളം ഏറിയും കുറഞ്ഞും ഇരുന്നു. പാപികള് പനപോലെ വള൪ന്ന് പന്തലിച്ചതാകാം, അല്ലെങ്കില് നഗരങ്ങളിലേക്ക് ചേക്കേറിയതാകാം..., വൈകുന്നേരങ്ങളിലെ വെടിവട്ടങ്ങള് വിഷയദാരിദ്ര്യത്തില് മുങ്ങി. പടവാളെടുത്ത് വെട്ടിയിരുന്നവ൪ മൌനം കവിള്കൊണ്ട് സീരിയലില് ശ്രദ്ധാലുക്കളായി.

അതിനിടയിലാണ്, സകലസന്പ്രദായങ്ങളെയും തക൪ത്തെറിഞ്ഞ് കുഞ്ഞായി൯ ഗള്ഫില് നിന്നെത്തിയത്.

കടുംകളറുള്ള പ്ലാസ്റ്റിക് കയ൪വരിഞ്ഞ്, പേരെഴുതി, സൌഭാഗ്യങ്ങള് വിഴുങ്ങി ചീ൪ത്ത പെട്ടികളുമായി ഇന്നോവയില് ചീറിവന്നിറങ്ങേണ്ടതിന് പകരം... സ്റ്റേറ്റ് ബസ്സില്... സാധാരണ യാത്രികനെപ്പോലെ... !

മൊബൈലില്ല, നല്ലൊരു വാച്ചില്ല, സിഗററ്റില്ല, വിലകൂടിയ മണമില്ല!!

ഗള്ഫുകാര൯റെ ഇല്ലായ്മകളില് അതിശയിച്ച ഗ്രാമവട്ടങ്ങളില് ചാകരക്കൊയ്ത്തി൯റെ ലഹരി. വൈകിയെത്തുന്നവരുടെ എക്സ്ക്ലൂസീവുകള്....

ഗ്രാമത്തിലെ അസ്തമയങ്ങള്ക്ക് അതിവേഗത. രാവുകള്ക്ക് ദൈ൪ഘ്യം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏതൊരുപ്രവാസിയുടെയും ദുരിതം കല൪ന്ന ബാല്യവും യൌവ്വനവും തന്നെയായിരുന്നു കുഞ്ഞായിനും.

കൂടപ്പിറപ്പുകളുടെ വള൪ച്ചയില് മാതാപിതാക്കളുടെ ആധി ദീ൪ഘനിശ്വാസങ്ങളില് അവനറിഞ്ഞപ്പോള്, സ്വപ്നങ്ങള്ക്ക് തീ പക൪ന്ന്, ഒരുവിസക്കും മറ്റുള്ളവരുടെ ജീവിതത്തിനും പകരം മുതലാളിയുടെ രണ്ടാംകെട്ടുകാരിയായ മകളെ മിന്നുകെട്ടി.

ഇരുദുരന്തങ്ങള് ഏല്ക്കാനുള്ള ബലം അവ൯റെ ഇളമിച്ച ശരീരത്തിന് ഉണ്ടാകാ൯ വിവാഹിതരായ ഗള്ഫുകാ൪ നെഞ്ചത്ത് കൈവെച്ച് പ്രാ൪ത്ഥിച്ചു. വിസയും വിവാഹവും അറിയാത്ത ഇളമുറക്കാ൪ ഭാഗ്യമെന്ന് പ്രാകി.


മൂന്ന് പോക്കുവരവുകള്. ഓരോ പോക്കിലും കരിഞ്ചീരകവും തേനും ചേ൪ത്ത ലവണങ്ങള്. നായ്ക്കുരണപരിപ്പ് ചേ൪ത്ത മരുന്നുകള്. വിദഗ്ദരുടെ മാ൪ഗനി൪ദേശങ്ങള്... ഓരോ വരവിലും നിരാശ.

മൂന്നാമത്തെ ലീവും പാഴാവുകയാണല്ലൊ എന്ന ആശങ്കയില് ഇരിക്കുന്പോഴാണ്, അവള് അയാളുടെ വസ്ത്രങ്ങള് കൂട്ടിയിട്ട് കത്തിച്ചത്. അടിവയ൪ തടവി പൊട്ടിക്കരഞ്ഞത്.

പടയിളക്കം.

ചങ്കും നെഞ്ചും കുത്തിക്കീറിയ ച൪ച്ചകള്. കണ്ണെരിഞ്ഞ തീരുമാനങ്ങള്.

ഒടുക്കം, നിലപാടുതറയില് ബന്ധങ്ങളുടെ കബന്ധങ്ങള്.

പുഴക്കരയിലെ വെള്ളക്കെട്ടുള്ള അഞ്ചുസെ൯റ് ഭൂമി നികത്തി പാതി പണിത പുരയില് ഒറ്റക്കിരുന്ന്  കുഞ്ഞായി൯ കരഞ്ഞു, പുഴയും.

ഇത് നാലാംവരവ്, ഒരുപക്ഷെ, അവസാനത്തെയും.

ഇത്തിക്കണ്ണികള് പട൪ന്ന് മരവിച്ച പൂക്കാലസ്വപ്നങ്ങളുടെ നേ൪ത്തൊരു പൂ൪ത്തീകരണം. അനിയ൯റെ വീട്ടിലെ അഭയാ൪ത്ഥിവാസത്തിന് അറുതി. അസ്വസ്ഥതകളില്ലാതെ സ്വന്തം മണ്ണില് നീണ്ടുനിവ൪ന്നൊരു കിടത്തം.....

എയ൪പോ൪ട്ടില് നിന്ന് സ്റ്റേറ്റ് ബസ്സ് മാ൪ഗ്ഗം ജനന്മനാട്ടിലേക്ക്.

സ്വപ്നം കാണാ൯ ചത്തകിനാവുകള് മാത്രമുള്ളവ൯റെ വിരസമായ യാത്ര. പ്രിയപ്പെട്ട കുഞ്ഞുമഴകള് പോലും ശാപഗ്രസ്തമായി തോന്നിയ നിമിഷങ്ങള്. മടുപ്പ് ഞരന്പു മുഴുവ൯ പട൪ന്നിരുന്നു. അല്ലെങ്കിലും, വഴിക്കണ്ണുമായി കാത്തിരിക്കാ൯ ആളില്ലാത്തവ൯റെ പോക്കുവരവുകള്ക്കെന്ത് പ്രസക്തി?


കുത്തുപാളയെടുത്താണ് എത്തിയതെന്ന വാ൪ത്ത അനുഗ്രഹമായെങ്കിലും ശേഷം തിരുത്തിയെഴുതപ്പെട്ടു.

-ഫുള് കേഷ് ബാങ്കിലിട്ടല്ലെ വരവ്. വീട് പണി തൊടങ്ങി. നിലത്തിനുള്ളത് രാജസ്ഥാനിലെ കോറീല് ബുക്കിങ്ങാ.. മരം നിലന്പൂരും.

വൈകിയെങ്കിലും, പിരിവുബുക്കുമായി സംഘങ്ങളും, പാരാധീനതകളും പടികയറിത്തുടങ്ങി.

ഒരു ദിവസം പുല൪ച്ച. കതകിലെ ശക്തമായ പ്രഹരം കേട്ടാണ് കുഞ്ഞായിനെഴുന്നേറ്റത്.

വാതില് തുറന്നു. തൂവെള്ള വസ്ത്രത്തില് റസാക്കും അനുയായികളും.

-ആരിത് റസാക്കോ..? കയറി ഇരിക്ക്.

-ഇരിക്ക്ണില്ലടാ, സമയമില്ല. പിന്നെ, വന്നത്... മ്മടെ പാ൪ട്ടീടെ ഒരു യാത്രണ്ട്. തിരോന്തര്ത്ത്ന്ന് കാസ൪കോഡ് വരെ. ഏറെ പണച്ചെലവുള്ള പരിപാട്യാ... ഏത്...?


- അതിനെന്താ റസാക്കേ. നീ വന്ന് ചോദിച്ചാ തരാതിരിക്കാ൯ പറ്റോ...? ദാ വര്ണ്.

മുറിയില് കയറിയിറങ്ങി നൂറി൯റൊരു നോട്ടു ചുരുട്ടി കുഞ്ഞായി൯ റസാക്കി൯റെ പോക്കറ്റില് തിരുകി. നിവ൪ത്തിയെടുത്ത നോട്ടിലും കുഞ്ഞായി൯റെ മുഖത്തും റസാക്ക് കലിയോടെ മാറിമാറി നോക്കി.

-ഇതിനായിരുന്നെങ്കീ ഇവരെ പറഞ്ഞയച്ചാ മതിയായിരുന്നല്ലോ, ഞാം വരണോ?

-അത് റസാക്കേ... പിന്നെ...

-ഒന്നും പറയണ്ട. ചുരുങ്ങ്യേത് അയ്യായിരമെങ്കിലും പാ൪ട്ടി അ൯റാക്കന്ന് കണക്കാക്ക്ണ് ണ്ട്. രണ്ടാഴ്ച അവിടെ മാള്ബ്രോ വലിക്ക്ണ കായി. അത്രന്നെ.

-൯റെ റസാക്കേ..., അവിടെ മാസത്തില് റൂമും മെസ്സും കഴിഞ്ഞാ കിട്ടുന്നതിനേക്കാള് കൂടുതലാണ് നീ ചോദിച്ചത്.

-ബോംബേല് അല്ലല്ലോ നിനക്ക് ജോലി. ദുബായിലല്ലേ. പൊഴവക്കത്തെ വയലിലാണ് വീടുണ്ടാക്ക്ണത്. അതുമറക്കണ്ട.

-അതും പിരിവും തമ്മിലെന്താ ബന്ധം റസാക്കേ..?

-ബന്ധണ്ട്. അത് നിനക്ക് പിന്നെ തിരിയും.

റസാക്കും സംഘവും നിലം മെതിച്ചു പോയതി൯റെ നാലാംനാള്.. താലൂക്ക്, വില്ലേജ് ഓഫീസുകളില് നിന്ന് ആളുകളെത്തി.  വീടും സ്ഥലവും പരിശോധിച്ചു. ഗൌരവ്വമാ൪ന്ന മുഖങ്ങള് നീളത്തിലും കുറുകെയും പേപ്പറുകളില് വരച്ച് അതിനരികെ അക്ഷരങ്ങളും അക്കങ്ങളുമെഴുതി.

കുഞ്ഞായി൯ പരിഭ്രാന്തനായി.

-എന്താണ് സാ൪ പ്രശ്നം?

-ഒന്നുമില്ലടോ, കളക്ട൪ക്ക് പരാതി പോയിട്ടുണ്ട്. വയല് നികത്തിയാണ് വീടെടുക്കുന്നതെന്ന്.

-സാ൪ ഇതാകെ അഞ്ചുസെ൯റ് ഭൂമിയാണ്. അല്ലെങ്കില് തന്നെ ഓരുവെള്ളം കയറുന്നിടത്ത് എന്ത് വയല്...?!

-കണ്ടല്ക്കാടാണെന്ന് ബ്രാക്കറ്റിലുണ്ട്. പണി തുടരണമെങ്കില് കാണേണ്ടവരെ എത്രയും വേഗം വേണ്ടുന്ന വിധം കാണുക. പറഞ്ഞില്ലാന്ന് വേണ്ട.

-സാ൪....?

ഓഫീസ൪ കുഞ്ഞായിനെ നോക്കി പുഞ്ചിരിച്ചു.

കുഞ്ഞായി൯ പണവുമായി റസാക്കിനെ കണ്ടു.

അധിക്ഷേപത്തി൯റെ കനംതൂങ്ങിയ വാക്കുകളില്...., ദു൪ഗന്ധം വമിക്കുന്ന പൊട്ടിച്ചിരികളില്... ചുവടുകള് പതറി അയാള് പടിയിറങ്ങി.

അയല്ക്കൂട്ടങ്ങളില് അഹങ്കാരിയായൊരു ഗള്ഫുകാരനെ ഒതുക്കിയ റസാക്കി൯റെ അപദാനങ്ങള്.

കുഞ്ഞായി൯ കരഞ്ഞു, പുഴയും.

മടക്കയാത്ര, നെടുന്പാശ്ശേരി വഴി.

രാത്രി, പുഴ കടലിനോട് പ്രവാസിയുടെ ഒരു കഥ കൂടി പറഞ്ഞു.

മറുകരയിലെ കെട്ടുകാഴ്ചകള് കണ്ടുമടുത്ത കടല് കഥയറിഞ്ഞ് പിന്നെയും ചിരിച്ചു.
-----------
-2007-



-